Monday, 19 February 2024

Ab maloom hua

പങ്കജ് ഉധാസിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത് ഞങ്ങൾ കുഞ്ഞാക്കു എന്ന് വിളിക്കുന്ന കസിൻ Ashraf ആയിരുന്നു, ഗൾഫിൽ നിന്ന് വരുമ്പോൾ കൊണ്ടുവരുന്ന കാസറ്റുകളിലൂടെ! എൻ്റെ പപ്പ റഫിയെയും മുകേഷിനെയും കേൾപ്പിച്ചു തന്നപ്പോൾ ഗസലുകൾ, പ്രത്യേകിച്ച് പങ്കജ് ഉധാസിനേയും അശോക് ഖോസ്ലയെയും മറ്റും പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. ചിത്രംവര തൊട്ട് ഫോട്ടോഗ്രാഫി വരെയും കരാട്ടെ തൊട്ട് ബോഡി ബിൽഡിംഗ് വരെയും ഉള്ള ഹോബികൾ ഉണ്ടായിരുന്ന, അതിലൊക്കെയും മികച്ച നിലവാരം പുലർത്തിയിരുന്നയാൾ ഞങ്ങൾക്കൊക്കെ ഒരു ഹീറോയായിരുന്നു. അന്ന് ഞാൻ വേറെയെവിടെയും കണ്ടിട്ടില്ലാത്ത മനശാസ്ത്രം പോലുള്ള മാസികകളും എ. ടി കോവൂരിന്റെ പുസ്തകങ്ങളും ആളുടെ കൈയിൽ നിന്നാണ് ഞാൻ കണ്ടത്. ചെറിയ പ്രായത്തിൽ തന്നെ, ഹവാ ഹവായുടേയും ആഷിക്കിയുടേയുമൊക്കെ ഇടക്ക്, ഞങ്ങൾ സഹോദരങ്ങൾക്കെല്ലാം ഗസൽ  എന്നൊരു താല്പര്യം ഉണ്ടാക്കിയത് മൂപ്പരായിരുന്നു. അദ്ദേഹം രണ്ടുവർഷം മുമ്പ് ഈ ലോകം വിട്ടു പോയി, പൂർണ്ണ ആരോഗ്യവാനായിരിക്കേ, പെട്ടെന്നുണ്ടായ ഒരസുഖത്താൽ! ബയോപ്സിക്ക് പോകുന്നതിൻ്റെ തലേന്ന് വരെ ജിമ്മിൽ വെയ്റ്റ് ട്രെയിനിംഗ് അടക്കം ചെയ്തയാളാണ്. മരണം മുന്നിൽ കാണുമ്പോഴും ധൈര്യം കൈവിട്ടില്ല! അവസാനം വരെ ജീവിതം  ആസ്വദിച്ചു കൊണ്ട്, കഴിവിൻ്റെ പരമാവധി മറ്റുള്ളവരെ സഹായിച്ചുകൊണ്ട് ജീവിച്ചു. പങ്കജ് ഉധാസിൻ്റെ മരണം അറിഞ്ഞപ്പോൾ ആദ്യം മനസ്സിൽ വന്നത് ഞങ്ങളുടെ കുഞ്ഞാക്കുവിൻ്റെ മുഖമാണ്, ഞങ്ങളുടെ ആ ചെറുപ്പകാലവും!

      പങ്കജിൻ്റെ ആദ്യമായി കേട്ട ആൽബം Aafreen ആയിരുന്നു. Ab maloom hua, Khushnaseebi hai, Raaste chup chup..... കാസറ്റുകളുടെ ആ കാലം തൊട്ട് ഒരുപാട് ഗസലുകളും ഗീതങ്ങളും പങ്കജിന്റേതായി പിന്നീട് കേട്ടുവെങ്കിലും ആദ്യമായി കേട്ട ആ പാട്ടുകൾ തന്നെയാണ് അദ്ദേഹത്തിൻറെ പാട്ടുകളിൽ ഇന്നും ഏറെ പ്രിയപ്പെട്ടത്. Chitti  aayee hai യുടെ കാര്യം പിന്നെ പറയാനില്ലല്ലോ! അതിമധുരമായ, മറ്റൊരു ഗായകനുമായും താരതമ്യപ്പെടുത്താൻ കഴിയാത്ത ആ ശബ്ദം തന്നെയാണ് പങ്കജ് ഉധാസിൻ്റെ ഏറ്റവും വലിയ ആകർഷണം. പിന്നെ അദ്ദേഹം നൽകുന്ന പ്രത്യേകമായ ഈണങ്ങളും. ദു:ഖമാണ് ഭാവമെങ്കിലും ഈണത്തിന് ഒരു ചടുലതയുണ്ടാകും! Aafreen ലെ ഗസലുകൾക്ക് നൽകിയിട്ടുള്ള ഗംഭീരമായ ഈണങ്ങളും ഓർക്കസ്ട്രേഷനും എല്ലാം ഇന്നും ഓർമയിൽ പച്ചപിടിച്ച് നിൽക്കുന്നു. പിന്നീട് പോപ് എന്ന് പറയാവുന്ന ഗാനങ്ങളിലേക്ക് പോയപ്പോഴും ആ ശബ്ദം കേൾക്കാൻ ആ പാട്ടുകളെല്ലാം കേട്ടിരുന്നു. അതിനിടക്ക് മീർ തഖി മീറിൻ്റെ ഗസലുകളുടെ ഒരു ആൽബം വന്നിരുന്നു. ഗംഭീരമായി ചെയ്തതായിരുന്നു അതിലെ ഗസലുകളെല്ലാം. കുറേ കാലമായി പുതിയ ഗസലുകളൊന്നുമില്ലെങ്കിലും ആ പഴയവ ഇടക്കിക്ക് മനസ്സിലുയർന്നു വരും. അങ്ങനെ അദ്ദേഹത്തിൻ്റെ മരണത്തിന് ചുരുങ്ങിയ ദിവസങ്ങൾക്ക് മുമ്പ് ഓർമ വന്നപ്പോൾ തർജമ ചെയ്തതാണ് ഈ ഗസൽ!


hum yun doobe jaise patthar

ab maloom hua

uski aankhon me hai samandar

ab maloom hua


baarish ke dar se darwaze

band kiye baithe the

dhoop thi deewaro ke bahar

ab maloom hua


jab hum guzre us khidki me

ek kiran si chamki thi

usne hume dekha tha chupkar

ab maloom hua


zakhm batate hain 'Rashid'

har jeet humari dhokha thi

yeh bazi hum haare aksar

ab maloom hua


Mumtaz Rashid/ Pankaj Udhas


ഞാൻ ഒരു കല്ലെന്ന പോലെ മുങ്ങിപ്പോയി, ഇപ്പോഴാണത് മനസ്സിലായത്

അവളുടെ കണ്ണുകളിലാണാ കടൽ, ഇപ്പോഴാണത് മനസ്സിലായത്


മഴയെ ഭയന്ന് വാതിലടച്ചിരുന്നതായിരുന്നു

പുറത്ത് വെയിലായിരുന്നു, ഇപ്പോഴാണത് മനസ്സിലായത്


ഞാൻ അതുവഴി പോയപ്പോൾ ജനാലയിൽ ഒരു തിളക്കം കണ്ടിരുന്നു

അവൾ മറഞ്ഞിരുന്ന് എന്നെ നോക്കുകയായിരുന്നു, ഇപ്പോഴാണത് മനസ്സിലായത്


മുറിവുകളിതാ പറയുന്നു, 'റാഷിദ്' നമ്മുടെ ജയങ്ങളെല്ലാം കബളിപ്പിക്കലായിരുന്നു

ഈ യുദ്ധം നാം മിക്കപ്പോഴും തോൽക്കുകയായിരുന്നു, ഇപ്പോഴാണത് മനസ്സിലായത്


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...